ഭൂമിയുടെ അവകാശികൾ
ചരിത്രപ്രസിദ്ധമായ ഫുസ്ത്വാത് പട്ടണത്തിന്റെ പിന്നിൽ രസകരമായൊരു കഥയുണ്ട്. ഒരു തള്ളപ്പക്ഷിയുടെ കഥ! ഈജിപ്തിന്റെ വിമോചകൻ അംറിബ്നു ആസും സൈന്യവും ഹിജ്റ 21ാം വർഷം ഈജിപ്ത് കീഴടക്കി തിരിച്ചു പോകാൻ ഒരുങ്ങുകയായിരുന്നു. ടെന്റുകൾ അഴിച്ചുമാറ്റുന്നതിനിടയിൽ ആരോ പറഞ്ഞു. അങ്ങയുടെ ടെന്റിന് മുകളിൽ ഒരു പ്രാവ് കൂടുകൂട്ടിയിരിക്കുന്നു. പ്രാവിനെ കണ്ട അമീർ ടെന്റ് ഉപേക്ഷിക്കാൻ നിർദ്ദേശിച്ചു. ടെന്റുപേക്ഷിച്ച് സൈന്യം തിരിച്ചുപോയി.
പിന്നീട് ചരിത്ര പുരുഷൻ താമസിച്ച ഒറ്റയായ ടെന്റിനു ചുറ്റും ആളുകൾ കൂട്ടത്തോടെ ടെന്റുകൾ കെട്ടാൻ തുടങ്ങി. ഒടുവിൽ ജനവാസം കൂടുകയും ചരിത്രപ്രസിദ്ധമായ ഫുസ്ത്വാത് പട്ടണം ഉയരുകയും ചെയ്തു. ഫുസ്ത്വാത് എന്ന വാക്കിന് ഭാഷയിൽ ടെന്റുകൾ എന്നാണർത്ഥം.
ഫുസ്ത്വാത് പട്ടണത്തെ കുറിച്ച് വായിച്ചപ്പോഴാണ് നമ്മുടെ തലസ്ഥാന നഗരിയിൽ മാസങ്ങൾക്ക് മുമ്പ് നടന്നൊരു കൊടും ക്രൂരത ഓർമ്മ വന്നത്. മൃഗീയമെന്ന് എങ്ങനെ പറയും, മൃഗങ്ങൾപോലും ഒരുനാളും ചെയ്യാത്തത് ?! ഒരു മൃഗവും അന്യായമായി രക്തം ചിന്താത്ത കാലത്തോളം, ഒരു മൃഗവും തന്റെ കൂടപ്പിറപ്പിനെ അരിഞ്ഞു വീഴ്താത്ത കാലത്തോളം മൃഗീയമെന്ന പദം നിഘണ്ടുവിൽ വെറും വ്യർഥമായൊരു പദമാണ്.
ഇവിടെ ഗർഭിണിയായ പൂച്ചയെ ഒരു സംഘം 'മനുഷ്യർ' ചേർന്ന് കൊന്നു കെട്ടിത്തൂക്കിയിരിക്കുന്നു.. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് ആഘോഷിക്കുക കൂടി ആയപ്പോൾ പൈശാചികത അതിന്റെ പരമകാഷ്ഠയിൽ എത്തി.
മനുഷ്യന്റെ സ്വാർത്ഥത എത്ര അക്രമണങ്ങളാണ് സഹജീവികളോട് അഴിച്ചുവിടാൻ പ്രേരിപ്പിക്കുന്നത്. നാം മാത്രമാണോ ഈ ഭൂമിയുടെ അവകാശികൾ..? നാം വെട്ടിനിരത്തിയ മരങ്ങളും കൊന്നൊടുക്കിയ മിണ്ടാപ്രാണികളും ഭൂമിയുടെ അവകാശികൾ തന്നെയാണ്. ഈ തിരിച്ചറിവ് ഉള്ളതുകൊണ്ടാവാം മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ബഷീറിന്റെ രചനകളിൽ ആടും പൂച്ചയുമെല്ലാം മുഖ്യ കഥാപാത്രങ്ങളായെത്തുന്നത്. 'ഭൂമിയുടെ അവകാശികൾ' എന്ന അദ്ദേഹത്തിന്റെ കഥ
പ്രശസ്തമാണല്ലോ...
എല്ലാവരേയും ഉൾകൊള്ളാനാവുകയും, സഹജീവികളുടെ വേദനയിൽ കണ്ണുനിറയുകയും ചെയ്യുന്ന ആർദ്രതയുള്ള മനസ്സിന് നാം ഉടമകളായിരുന്നെങ്കിൽ നിറവയറാൽ നിൽക്കുന്ന ആ പൂച്ചയുടെ ഉള്ളിൽ നിന്നൊരു കരച്ചിൽ കേൾക്കാമായിരുന്നു. നമ്മുടെ മക്കളുടെ കരച്ചിലിന് സമാനമായ ഒന്ന്. ''അമ്മേ വിശക്കുന്നു.....!'
Comments
Post a Comment