കാത്തിരിപ്പിന്റെ ആനന്ദം
എല്ലാവരും കാത്തിരിക്കുന്നവരാണ്. എന്തിനൊക്കെയോ വേണ്ടി കാത്തിരിക്കുന്നവരാണ് നാം ഓരോരുത്തരും. നാട്ടിലെത്താൻ വെമ്പുന്ന പ്രവാസി, ദു:ഖ ഗർത്തങ്ങളിൽ അലയുമ്പോൾ ദുഃഖമുക്ത പകലിനെ കാത്തിരിക്കുന്നവർ അങ്ങനെ എത്രയോ കാത്തിരിപ്പുകളാണ് നമുക്ക് ചുറ്റും. ദിവസങ്ങൾ ഇങ്ങനെ കൊഴിയുമ്പോൾ കാത്തിരിപ്പിന്റെ തീവ്രത കുറയുന്നു. പ്രതീക്ഷകൾ മെല്ലെ മെല്ലെ പിൻവാങ്ങുന്നു.
കാത്തിരിപ്പുകൾ വ്യർഥമാകാതിരിക്കുന്നത് എപ്പോഴാണെന്നോ..? പ്രപഞ്ചനാഥന്റെ കരുണാർദ്രമായ സ്പർശം ഉണ്ടാകുമ്പോൾ മാത്രം. നാഥൻ കൂടെ ഉണ്ടെങ്കിൽ കാത്തിരിപ്പിന് അർത്ഥമുണ്ടാകുന്നു.
ഒരു കുഞ്ഞു പിറക്കാൻ വർഷങ്ങളോളം കാത്തിരുന്ന സക്കരിയ നബി(അ) "എന്‍റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല." (വി.ഖു 19:4) എന്നു പറഞ്ഞ് തന്റെ പ്രതീക്ഷക്ക് ആക്കം കൂട്ടുന്നുണ്ട്. നീണ്ട അലച്ചിലുകൾക്കും കാത്തിരിപ്പിനും ഒടുവിൽ പുത്ര സൗഭാഗ്യം ലഭിച്ച ഇബ്രാഹീം നബി(അ), മകന്റെ വേർപാടിൽ മനംനൊന്തും തന്റെ മകനെ നാൽപ്പത് വർഷം കാത്തിരുന്ന യഅ്ഖൂബ് (അ) അങ്ങനെ എത്രയോ കാത്തിരിപ്പുകളാണ് ഒടുവിൽ ലക്ഷ്യപ്രാപ്തി നേടിയത്.
"Waiting is painful " കാത്തിരിപ്പ് വേദനയെന്ന് ബ്രസീലിയൻ റൈറ്റർ പൗലൊ കൊയ്ലൊ പറഞ്ഞത് ശരിയായിരിക്കാം. എന്നാൽ തന്റെ നാഥനിൽ അടങ്ങാത്ത പ്രതീക്ഷയുള്ളവന് കാത്തിരിപ്പിന് ആഴം കൂടുംതോറും എന്ത് ആനന്ദമാണെന്നോ...!
"എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്"എന്ന ഖുർആനിക വചനം (39:53 ) അവന്റെ ഹൃദയത്തിൽ എന്നേ പതിഞ്ഞിരിക്കുന്നു. കാത്തിരിക്കാം പ്രതീക്ഷയോടെ...
നാഥൻ കൂടെയുണ്ടെടോ....
Comments
Post a Comment