മാളികപ്പുരയിലെ നേർത്ത ഞരുക്കങ്ങൾ
കാരൂരിന്റെ പൊതിച്ചോറ് വായിച്ചിട്ടുണ്ടോ..? വിശപ്പ് സഹിക്കാനാവാതെ ഒരു കുട്ടിയുടെ പൊതിച്ചോറ് മോഷ്ടിക്കേണ്ടി വന്ന ഒരു പ്രധാനാധ്യാപകന്റെ കഥയാണത് ! പുതിയ തലമുറക്ക് പൊതിച്ചോറ് വായിക്കുമ്പോൾ ഒരു പക്ഷേ, ആദ്യം വരുന്ന ചിന്ത ഒരിക്കലും ഒരധ്യാപകനും ആ ഗതി വരുന്നില്ലല്ലോ എന്നാകും. കാരണം, സമൂഹം മധ്യവർഗ്ഗത്തിന്റെ ലിസ്റ്റിൽ അധ്യാപകരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ..!
ഒരിക്കൽ കയറിപ്പറ്റിയാൽ ഒരിക്കലും പുറത്ത് കടക്കാൻ പറ്റാത്തൊരു ലിസ്റ്റാണ് 'മധ്യവർഗ്ഗ'ത്തിന്റേത്. മാന്യമായ വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നവർ, വലിയ തറവാട്ടുകാർ, ഗൾഫുകാർ തുടങ്ങി ഒരു നീണ്ട നിരയാണത്.
അവർ മികച്ച ജീവിത നിലവാരം പുലർത്തുന്നവരാണെന്ന് പൊതുസമൂഹത്തിനൊരു ധാരണയുണ്ട്. തെല്ല് അസൂയയോടെ അവരെ നോക്കുന്നവരുമുണ്ട്.
മുതലാളി തൊഴിലാളിയുടെ ശത്രുവാണെന്ന് കരുതുന്ന പുതിയ കാലത്ത് ഇത് ഒരുതരം വിദ്വേഷത്തിൽ എത്തിയിരിക്കുന്നു. പ്രളയവും കൊറോണയുമെല്ലാം വന്ന് കോടികൾ നഷ്ടത്തിലായ മുതലാളിയെക്കുറിച്ചാണോ? ദിവസവേതനം മുടങ്ങിയ തൊഴിലാളിയെ കുറിച്ചാണോ സമൂഹം കരുണയോടെ സംസാരിക്കുന്നത്..?
മുതലാളിയും തൊഴിലാളിയും തമ്മിൽ തമ്മിൽ ചൂഷണം ചെയ്യാത്ത കാലത്തോളം അവർ പരസ്പര പൂരകമാണ്. കൊണ്ടും കൊടുത്തും സഹായിക്കേണ്ടവർ.
പാവപ്പെട്ടവരേയും പണക്കാരേയും ഒരു പോലെ ഉൾകൊള്ളാൻ സമൂഹത്തിനു കഴിയണം. ദരിദ്രനായ ബിലാലും(റ) ധനികനായ ഉസ്മാനും(റ) ഇസ്ലാമിക സമൂഹത്തിന്റെ ഭാഗമായിരുന്നല്ലോ..! പരസ്പരം പോരടിക്കാതെ അവർ ദീനിന് കരുത്തു പകർന്നു. മതം പാവപ്പെട്ടവന്റേത് മാത്രമല്ല. പണക്കാരന്റേത് കൂടിയാണ്.
വരുമാനം മുടങ്ങിയ പാവപ്പെട്ടവരെ സഹായിക്കാൻ സന്നദ്ധ സംഘടനകളും സമുദായങ്ങളും ഒപ്പമുണ്ട്. കോടികൾ നഷ്ടപ്പെട്ടവനെ ആരാണ് സഹായിക്കുക..? ഒരു ചാൺ കയറിൽ അവർ ജീവനൊടുക്കുന്നത് അതുകൊണ്ടാണ്. *ചെറ്റക്കുടിലിൽ നിന്നുയരുന്ന രോദനങ്ങളേക്കാൾ തീക്ഷ്ണമാണ് മാളികപ്പുരയിലെ വിശപ്പിന്റെ നേർത്ത ഞെരുക്കങ്ങൾ പോലും. പുറംമോടികൾ കണ്ട് ഒരാളും അവിടേക്ക് സഹായത്തിനെത്തില്ല. ആരുടെ മുന്നിലും കൈ നീട്ടാൻ അവർക്കാവില്ലല്ലോ...!
ഗൾഫിൽ നിന്ന് ബിസിനസ് തകർന്ന് നാട്ടിലെത്തിയ ഒരു സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു. '' ഞാൻ അവശേഷിക്കുന്ന ഈ ഏക സമ്പാദ്യവും വിൽക്കാൻ പോകുന്നു '' വീട് വിൽക്കുന്നതെന്തിനെന്ന് ചോദിച്ചപ്പോൾ ആളുകളുടെ കുത്തുവാക്ക് കേട്ട് പട്ടിണി കിടന്ന് മരിക്കുന്നതിലും ഭേദമല്ലേ എന്നവൻ തിരിച്ചു ചോദിച്ചു. ശരിയാണ്, പ്രതീക്ഷിച്ചത് കിട്ടാതെ വന്നപ്പോൾ പലരും അവിടെ നിന്ന് പിറുപിറുത്ത് പോകുന്നത് കണ്ടിട്ടുണ്ട്.
ഇന്നലെ ആരായിരുന്നുവെന്നതല്ല, ഇന്ന് ആരാണെന്നും എങ്ങിനെയാണെന്നും നോക്കിയാണ് ദരിദ്രനെന്നും ധനികനെന്നും തീരുമാനിക്കേണ്ടത്. ഖുർആനിക വചനം എത്ര പ്രസക്തമാണ്. സഹായത്തിനർഹൻ ആരെന്ന് പറയുന്നിടത്ത് കാണാം
''ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി നിങ്ങള്‍ ചെലവ് ചെയ്യുക. അറിവില്ലാത്തവന്‍ അവരുടെ മാന്യത കണ്ട് ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല." (2:273)
വലിയ വീടുകളിൽ നിന്നുയരുന്ന നേർത്ത ഞെരുക്കങ്ങൾ നാം കേൾക്കുന്നില്ലെങ്കിലും പടച്ചറബ്ബ് അറിയുന്നുണ്ടല്ലോ... അവനെങ്ങനെ അവരെ കുറിച്ച് പറയാതിരിക്കും.!
കൊറോണാ കാലത്ത് തീപുകയാത്തത് കുടിലുകളിൽ മാത്രമല്ല, മാളികപ്പുരയിലും കൂടിയാണ്. ഉള്ളതെല്ലാം മറ്റുള്ളവർക്ക് പകുത്തു നൽകി ചോരയും നീരും വറ്റിയ വലിയ മനുഷ്യരും ഉണ്ടതിൽ. നല്ല കാലത്ത് അവരുടെ സഹായങ്ങൾ വേണ്ടുവോളം ഉപയോഗപ്പെടുത്തിയ മനുഷ്യർ തന്നെയാണ് പലപ്പോഴും പണക്കാരന്റെ 'അഹങ്കാരത്തിനന്ത്യ'മെന്ന് പറഞ്ഞ് അവരെ ആക്ഷേപിക്കുന്നതും പാതിവഴിയിൽ കൈയൊഴിയുന്നതും.
Comments
Post a Comment