നീ പ്രാർത്ഥിക്കാറുണ്ടോ..?

  "നിന്റെ അസാന്നിധ്യത്തിൽ റബ്ബിനോട് നിന്നെക്കുറിച്ചും നിന്റെ സാന്നിധ്യത്തിൽ അവനെ കുറിച്ച് നിന്നോടും പറയുന്നവനാണ് യഥാർത്ഥ സുഹൃത്ത്.''  യൂ.ക്കെയിലെ ഇസ്ലാമിക പ്രബോധകൻ ഡോ. ബിലാൽ ഫിലിപ്സിന്റെ സൗഹൃദത്തിന്റെ നിർവചനം കേട്ട്  അവൻ എന്നോട് ചോദിച്ചു. "നീ എനിക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ടോ...? റബ്ബിന് മുന്നിൽ എന്നെ ഓർക്കാറുണ്ടോ..?'' തെറ്റ് ചെയ്ത കുട്ടിയെ പോലെ ഞാൻ തല താഴ്ത്തി ഇല്ലെന്ന് പറഞ്ഞു. ''എപ്പോഴും ഞാൻ കൂടെയുണ്ടെന്ന നിന്റെ സമാശ്വാസത്തേക്കാൾ രോഗിയായ എന്നെ നീ പരിചരിക്കുന്നതിനേക്കാൾ, എന്റെ ബാധ്യതകൾ നീ എനിക്കായി തീർക്കുന്നതിനേക്കാൾ  വിലമതിക്കുമായിരുന്നില്ലേ നിന്റെ പ്രാർത്ഥന...? എന്നിട്ടും എന്തേ നീ എന്നെ ഒാർക്കാതെ പോയി.''  അവൻ തുടർന്നു, കുറ്റബോധത്തോടെ ഞാൻ തിരിച്ചറിഞ്ഞു. എന്റെ സൗഹൃദം കപടമായിരുന്നു...
   അവളും പറഞ്ഞു. "പ്രിയപ്പെട്ടവനേ., മധുരമൂറുന്ന നിന്റെ വാക്കുകളേക്കാൾ, നിന്റെ തലോടലിനേക്കാൾ പ്രിയമുണ്ടെനിക്ക് നിന്റെ പ്രാർത്ഥനയും എനിക്കായി പൊഴിക്കുന്ന കണ്ണീരും. നിങ്ങൾ എനിക്കായി പ്രാർത്ഥിക്കുന്നുണ്ടോ....?
  ഞാൻ ഓർത്തു, എന്റെ സ്നേഹവും കാപട്യമാണ്.  ഉമ്മയും ഉപ്പയും മക്കളും എല്ലാവർക്കും വേണ്ടത് ഇത് തന്നെയാണ്. എന്നിട്ടും എന്റെ പ്രാർത്ഥനയിൽ   കാര്യമായൊരിടം അവർ  നേടിയില്ലല്ലോ റബ്ബേ ഇതുവരെ.....
  പ്രാർത്ഥന നിഷ്ഫലമാകുന്നിടം ബന്ധങ്ങൾ അർത്ഥശൂന്യമാണ്. പ്രാർത്ഥിക്കാത്തവൻ 'നിന്നെ ഞാൻ ഓർക്കാറുണ്ട്' എന്ന് പറയുന്നത് എത്ര അപഹാസ്യമാണല്ലേ....? 
   സഹയാത്രികൻ പറഞ്ഞതു കേട്ട് ഞാൻ ഉൾവലിഞ്ഞു പോയി. "താങ്കൾ ചിരിക്കണമെന്നില്ല, ഒരു വാക്കു പോലും ഒരു വാക്ക് മൊഴിയുക പോലും വേണ്ട, റബ്ബിന് മുന്നിൽ ഓർത്താൽ മതി!
   പാലസ്തീൻ ബാലനും ചോദിച്ചു. '' ഇക്കാക്ക ഞങ്ങളെ ഓർക്കാറുണ്ടോ..? റമദാനിൽ പോലും എന്തേ ഞങ്ങളെ ഓർക്കാതെ പോയി...?" ചോര പൊടിയുന്ന കുഞ്ഞുമുഖങ്ങളിലേക്ക് എനിക്ക് നോക്കാൻ കഴിഞ്ഞില്ല. നാഥാ ഞാൻ ഇത്രയും ക്രൂരനായിരുന്നോ..? എന്റെ പ്രാർത്ഥനയും സ്വാർത്ഥതയായിരുന്നല്ലോ..?

    പ്രിയപ്പെട്ടവരെ, നമ്മുടെ പ്രാർത്ഥനയുടെ രത്നമാലയിൽ കോർക്കപ്പെടേണ്ടവർ എത്ര പേരാണ് നമുക്ക് ചുറ്റും... ! അവരെ മുത്തുമണികളെ പോലെ റമദാന്റെ യാമങ്ങളിലെങ്കിലും പ്രാർത്ഥനയിൽ  കോർത്തു കോൾമയിർ കൊള്ളാൻ നമുക്കാവണം. സ്നേഹാർദ്രമായ പ്രാർത്ഥനയേക്കാൾ മൂല്യമുള്ള ഏത് സമ്മാനമാണ് പ്രിയപ്പെട്ടവർക്ക് നൽകാനാവുക..? പ്രാർത്ഥന ആയുധമാണ് ചിലപ്പോൾ സ്നേഹമൂറുന്ന സമ്മാനവും.
തിരുമേനി പറഞ്ഞതോർക്കുന്നു. "കൂട്ടുകാരന്റെ അസാനിധ്യത്തിൽ നടത്തുന്ന പ്രാർത്ഥന സ്വീകരിക്കപ്പെടാതിരിക്കില്ല. അപ്രകാരം അവനും നന്മ ചൊരിയണമെന്ന് മലക്കുകൾ പ്രാർത്ഥിക്കുകയും ചെയ്യും"(മുസ്ലിം)
    പരസ്പരം പ്രാർത്ഥിച്ച് സനേഹം പകരാം. അസാന്നിധ്യത്തിലെ പ്രാർത്ഥനകളാണ് സ്നേഹത്തിന്റെ ആഴവും പരപ്പും തീരുമാനിക്കുന്നത്. സ്നേഹിക്കാം.., പ്രാർത്ഥിക്കാം.... നാഥൻ അനുഗ്രഹിക്കട്ടെ

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം